മുക്കുപണ്ടം പണയം വെയ്ക്കാനെത്തി, പൊലീസെത്തി ലോക്കപ്പിലിട്ടു

വ്യാഴം, 24 നവം‌ബര്‍ 2016 (16:14 IST)
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കുളത്തൂര്‍ കണ്ണമ്മല്‍കോണം ശാന്തമ്മ ഭവനില്‍ മിനി (41), കടകം‍പള്ളി പൊതുജനം റോഡില്‍ അരുണ്‍ നിവാസില്‍ രാജു (42), കൊല്ലം കുളത്തൂപ്പുഴ തിങ്കള്‍ കരിക്കം വില്ലേജില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഹംസ (36) എന്നിവരാണു പൊലീസ് വലയിലായത്.
 
അറസ്റ്റിലായ മിനി ശിശുക്ഷേമ സമിതി താത്കാലിക ജീവനക്കാരിയാണ്. രാജുവും ശിശുക്ഷേമ സമിതി ജീവനക്കാരനാണ്. മുത്തൂറ്റ് ബാങ്കിന്‍റെ വഴുതക്കാട് ശാഖയിലാണ് ഇവര്‍ നാലു പവന്‍റെ സ്വര്‍ണ്ണം എന്ന് പറഞ്ഞ് മുക്ക്പണ്ടം പണയം വയ്ക്കാനെത്തിയത്. 
 
എന്നാല്‍ സംശയം തോന്നിയ ജീവനക്കാരി വിശദമായ പരിശോധനയിലൂടെ ഇത് മുക്ക്പണ്ടമാണെന്ന് സ്ഥിരീകരിച്ച ശേഷം തമ്പാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തമ്പന്നൂര്‍ എസ്.ഐ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക