ജര്‍മന്‍ യുവതി ലിസ എവിടെ ?; അമ്മയ്‌ക്ക് അയച്ച സന്ദേശത്തില്‍ മതം മാറുന്നതിനെ കുറിച്ച് സൂചന - അന്വേഷണം ശക്തമാക്കി പൊലീസ്

തിങ്കള്‍, 1 ജൂലൈ 2019 (18:14 IST)
കേരളം സന്ദര്‍ശിക്കാനെത്തിയ ജര്‍മ്മന്‍ യുവതി ലിസ വെയ്സിനെ(31) കാണാതായ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. ജര്‍മന്‍ എംബസി വഴി  ബന്ധുക്കളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകൾ പൊലീസ് പരിശോധിച്ചു. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം തുടങ്ങി. യുവതിയുടെ പേരും ഫോട്ടോയും വിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുവതിയുടെ അമ്മയുമായി വീഡിയോ കോൺഫറൻസ് നടത്താനാണ് പൊലീസിന്റെ ശ്രമം.

ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ മുഹമ്മദ് അലിക്കൊപ്പമാണ് ലിസ വെയ്സ് മാർച്ച് 10ന് തിരുവനന്തപുരത്തെത്തിയത്. സുഹൃത്ത് മാർച്ച് 15ന് തിരികെ പോയി. മെയ് 5ന് വിസ കാലാവധി തീർന്നിട്ടും ലിസ മടങ്ങിയെത്താത്തതിനെ തുടർന്നാണ് അമ്മ ജർമ്മൻ കോൺസുലേറ്റില്‍ പരാതി നല്‍കിയത്.

മുഹമ്മദ് അലിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മതംമാറുന്നതുമായി ബന്ധപ്പെട്ട് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നതായാണ് വിവരം.  

രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ചുപോയിട്ടില്ലെന്നാണ് വിമാനത്താവള രേഖകൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായത്. അമൃതാനന്ദമയി മഠം സന്ദർശിക്കാനാണ് എത്തിയതെന്നായിരുന്നു യുവതി കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ ലിസ എത്തിയിട്ടില്ലെന്ന് മഠം അധികൃതർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍