സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ഐഎച്ച്ആർഡി കോളേജിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓണം ആഘോഷിക്കുന്നതിനിടയില്‍ ക്ലാസ് മുറിയിലിരുന്നു മദ്യപിക്കുകയും അത് ചോദ്യം ചെയ്ത അധ്യാപകരെ ഭീഷിണിപെടുത്തുകയും ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പാളിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നാല് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്.
കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ നാല് വിദ്യാർഥികൾ ക്ലാസ്സ് മുറിയിലിരുന്ന മദ്യപിക്കുകയായിരുന്നു. ഇക്കാര്യമറിഞ്ഞെത്തിയ അധ്യാപകർ ക്ലാസ്സ് മുറിയിലെ മദ്യപാനം ചോദ്യം ചെയ്തതോടെ വിദ്യാർഥികൾ അധ്യാപകർക്കു നേരേ തട്ടി കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ പ്രിൻസിപ്പൾ മദ്യലഹരിയിലായിരുന്ന വിദ്യാർഥികളോട് കോളജ് പരിസരത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.
ഇതോടെ പ്രിൻസിപ്പളിനുനേരെ കൈയ്യേറ്റ ശ്രമമുണ്ടായി. ഈ സമയത്ത് കോളജിന്റെ പ്രധാനകവാടം അടച്ച സെക്യൂരിറ്റി ജീവനക്കാരനെയും വിദ്യാർഥികൾ കൈയ്യേറ്റം ചെയ്തു. പ്രശ്നം രൂക്ഷമായതോടെ ഓണാഘോഷങ്ങൾ നിറുത്തിവക്കുകയും തുടര്‍ന്ന് പ്രിൻസിപ്പൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രിൻസിപ്പാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജിലെ നാല് മൂന്നാംവർഷ ബിരുദവിദ്യാർഥികളെ കസ്റ്റഡിലെടുക്കുകയായിരുന്നു.