പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി വിവരം. കോടതി കുറ്റക്കാരനെന്ന് വിധിച്ച ദിവസം ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനോട് അനുമതി തേടിയിരുന്നെന്ന് ദ ട്രിബ്യൂണ്‍ ഇന്ത്യയാണ് വ്യക്തമാക്കിയത്.
കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചയുടന്‍ തന്നെ പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ കോടതിവളപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ കൊല്ലാന്‍ നീക്കമുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതി പരിസരത്ത് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.