പ്രസവിച്ച ഉടൻ കുഞ്ഞിനെ തോട്ടിൽ എറിഞ്ഞു, കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അമ്മയ്ക്ക് അഞ്ച് വർഷം തടവ്

വ്യാഴം, 16 മെയ് 2019 (08:11 IST)
നവജാത‌ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയ്ക്ക് 5 വർഷം കഠിന തടവും 10,000രൂപ പിഴയും ശിക്ഷ. അഗളി കൊട്ടമേട് സ്വദേശിനി മരതകത്തെയാണ് പാലക്കാട് അഡീഷണൽ കോടതി ശിക്ഷിച്ചത്. അട്ടപ്പാടിയിലെ കാട്ടിൽ നിന്നാണ് പുഴുവരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. 2012 ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം.
 
പ്രസവിച്ച ഉടൻ തന്നെ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളഞ്ഞു എന്നാണ് കേസ്. രണ്ട് ദിവസം കാട്ടിൽ ജീവനോടെ കിടന്ന കുഞ്ഞിനെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാൾ എന്ന സ്ത്രീയാണ് കണ്ടെത്തുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ഇവർ നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
 
കണ്ടുകിട്ടുമ്പോൾ ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷ്വാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂർണ്ണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയിൽ വച്ചും പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിനും കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്നാണ് പേരിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍