കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത് മത്സ്യലഭ്യത കുത്തനെ കുറഞ്ഞത് വിപണിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഒമാന്‍ ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് മുമ്പ് അതിശക്തമായ ചൂട് അനുഭവപ്പെട്ടതിനാല്‍ ചുട്ടുപൊള്ളുന്ന തീരത്ത് നിന്നു മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് കൂട്ടമായി പോകുകയായിരുന്നു. കാലാവസ്ഥമാറി സംസ്ഥാനത്ത് മഴയെത്തിയപ്പോള്‍ കടല്‍ ക്ഷോഭം മത്സ്യബന്ധനത്തിന് തിരിച്ചടിയായി തീര്‍ന്നു. യന്ത്രവത്‌കൃത ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോകുന്നുണ്ടെങ്കിലും കാലാവസ്ഥ അടിക്കടി മാറിയത് തിരിച്ചടിയായി.
ഇതോടെ മത്സ്യത്തിന് വില വര്‍ദ്ധനവും ദൌര്‍ലഭ്യവും കൂടുതലായി. കാലാവസ്ഥ വില്ലനായതിനാല്‍ ആഴക്കടലിലേക്ക് പോയ മീനിനെ പിടിക്കാന്‍ വലിയ കപ്പലുകളും ബോട്ടുകളുമാണ് കടലില്‍ പോകുന്നത്. ദിവസങ്ങളോളം കടലില്‍ ചെലവഴിച്ച് കൂടുതല്‍ മത്സ്യത്തെ പിടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനാല്‍ കപ്പലുകളിലെയും ബോട്ടുകളിലെയും ശീതീകരിച്ച സംവിധാനത്തിലാണ് ദിവസങ്ങളോളം മത്സ്യം സൂക്ഷിക്കുന്നത്. പിന്നീട് തീരത്ത് എത്തിയാലും വന്‍കിടക്കാര്‍ മത്സ്യം ലേലത്തില്‍ വാങ്ങുകയും ഫ്രീസറുകളിലേക്ക് മാറ്റുകയുമാണ് പതിവ്. ഇവരും മത്സ്യത്തെ സൂക്ഷിച്ചുവെക്കും.
ഇവിടെ നിന്ന് ചെറിയ കടകളിലേക്കും കച്ചവടക്കാരിലേക്കും മത്സ്യത്തെ മാറ്റുമ്പോള്‍ കേട് വരാതിരിക്കാന്‍ അമിതമായ തോതില്‍ അമോണിയ ചേര്‍ക്കുകയാണ് പതിവ്. അഴുകിത്തുടങ്ങിയ മത്സ്യത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഫോര്‍മലിനും പതിവായി ചേര്‍ക്കുന്നുണ്ട്. മാസങ്ങളോളം ഫ്രീസറുകളില്‍ ഇരുന്ന ശേഷം അമോണിയയും ഫോര്‍മലിനും മിക്‍സ് ചെയ്‌ത മത്സ്യമാണ് വിപണിയില്‍ എത്തുന്നത്. യാതൊരു പരിശോധനകളും ഇല്ലാതെ എത്തുന്ന ഇവ കഴിച്ചാല്‍ ശാരീരിക പ്രശ്‌നങ്ങളും ഗുരുതര രോഗങ്ങളും നമ്മള്‍ അറിയാതെ തന്നെ എത്തുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.