പകര്‍ച്ചവ്യാധി പ്രതിരോധം: രോഗങ്ങളെ കുറിച്ചുള്ള സംശയനിവാരണത്തിനും ഡോക്ടറുമായി ബന്ധപ്പെടാനും ഈ നമ്പറുകളില്‍ വിളിക്കാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ജൂലൈ 2023 (09:08 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരിലേക്കും പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പാനലുള്‍പ്പെട്ട ദിശയിലെ നമ്പരിലേക്കും വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
 
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങള്‍, മരുന്ന് ലഭ്യത, പ്രോട്ടോകോളുകള്‍, സംശയ നിവാരണം എന്നിവയാണ് കണ്‍ട്രോള്‍ റൂമിലൂടെ നിര്‍വഹിക്കുന്നത്.
 
പൊതുജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടര്‍മാരുടെ പാനലുള്ള ദിശ കോള്‍ സെന്റര്‍ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article