കള്ളനോട്ടടിച്ച് വിതരണം ചെയ്ത രണ്ട് പേര് പൊലീസ് വലയിലായി. നാഗര്‍കോവില്‍ വടശേരി വെള്ളാളര്‍ കീഴത്തെരുവ് തങ്കരാജ് (62), വടശേരി അറുകുവിള മുത്തുസ്വാമി (50) എനിവരാണു നാഗര്‍കോവില്‍ പൊലീസിന്റെ പിടിയിലായത്.
പിടിയിലായ ഇവരില്‍ നിന്ന് 500 ന്റെ 109 നോട്ടുകളും 100 ന്റെ 27 കള്ള നോട്ടുകളും പിടിച്ചെടുത്തു. ഇതിനൊപ്പം നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, സ്കാനര്‍, പേപ്പര്‍, മഷി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടശേരി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം നല്കിയ നോട്ടില്‍ സംശയം തോന്നി പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. കന്യാകുമാരി ജില്ലയില്‍ അടുത്തകാലത്തായി മദ്യഷോപ്പുകളിലും ബാങ്കുകളിലുമായി നിരവധി കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
പിടിയിലായ തങ്കരാജ് 1991 മുതല്‍ തന്നെ വിവിധ കള്ളനോട്ട് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കേരളത്തിലും തമിഴനാട്ടിലുമായി 13 ലേറെ കേസുകള്‍ നിലവിലുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.