ഇ പി ജയരാജൻ ബലി, മുഖ്യമന്ത്രി വിശുദ്ധൻ; ഒന്നാം നമ്പറുകാരനറിയാതെ രണ്ടാം നമ്പറുകാരന്‍ ഇതൊക്കെ ചെയ്യുമെന്ന് ജനം വിശ്വസിക്കില്ലെന്ന് രമേശ് ചെന്നിത്തല

ശനി, 15 ഒക്‌ടോബര്‍ 2016 (13:42 IST)
ബന്ധുനിയമന വിവാദത്തിൽ മന്ത്രിസഭയിൽ നിന്നുള്ള ഇ പി ജയരാജന്റെ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം നമ്പറുകാരനറിയാതെ മന്ത്രി സഭയിലെ രണ്ടാം നമ്പറുകാരന്‍ ഇതൊക്കെ ചെയ്യുമെന്ന് ജനം വിശ്വസിക്കില്ലെന്ന് ചെന്നിത്തല പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ബന്ധുനിയമന കാര്യത്തില്‍ മന്ത്രി സഭയില്‍ നിന്നുള്ള ഇ പി ജയരാജന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നാം നമ്പറുകാരനറിയാതെ മന്ത്രി സഭയിലെ രണ്ടാം നമ്പറുകാരന്‍ ഇതൊക്കെ ചെയ്യുമെന്ന് ജനം വിശ്വസിക്കില്ല. അതിനാല്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കേണ്ടതാണ്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കൂട്ടത്തോടെയാണ് പല സ്ഥാപനങ്ങളുടെയും തലപ്പത്ത് നിയമിച്ചത്. ഇത് മുഖ്യമന്ത്രി അറിഞ്ഞില്ലന്ന് പറയുന്നത് പച്ചക്കളളമാണ്. 
 
മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമെ നിയമനങ്ങള്‍ നടത്താവൂ എന്ന് മുന്നണി അധികാരത്തിലെത്തിയപ്പോള്‍ തന്നെ തിരുമാനിച്ചിരുന്നതാണെന്ന് സി പി ഐ അസി. സെക്രട്ടറി പ്രകാശ് ബാബു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി എല്ലാ അറിഞ്ഞിരുന്നുവെന്ന് തന്നെയാണ് ഇതിനര്‍ത്ഥം. ഇ പി ജയരാജനെ ബലി കൊടുത്തുകൊണ്ട് മുഖ്യമന്ത്രി വിശുദ്ധന്‍ ചമയുന്നത് അംഗീകരിക്കാനാകില്ല. 
 
അഴിമതിക്കെതിരെ പ്രസംഗിച്ച് അധികാരത്തിലെത്തിയവര്‍ക്ക് നാല് മാസം എത്തും മുമ്പ് തന്നെ അഴിമതിയുടെ പേരില്‍ ഒരു മന്ത്രിയെക്കൊണ്ട് രാജിവയ്പിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. ഗതി കെട്ട് മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് ജയരാജന് രാജി വയ്‌കേണ്ടി വന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ നാളിനുള്ളില്‍ ഒരു മന്ത്രി സഭ അഴമിതിക്ക് പിടിക്കപ്പെടുന്നത് ഇതാദ്യമാണ്. എന്നിട്ടും രാജിയെ മഹത്വവല്‍ക്കരിക്കാനുള്ള സര്‍ക്കസാണ് സി പി എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്.

വെബ്ദുനിയ വായിക്കുക