ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ മോഹന്‍ലാലിന് അനുകൂലമായി വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. .പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും വനം വകുപ്പ് അറിയിച്ചു.
മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത കേസിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് രംഗത്തെത്തിയത്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും, ആനക്കൊമ്പ് തനിക്ക് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു.
2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. നാലു ആനക്കൊമ്പുകളുടെയും ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ഉള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസാണ് ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചിരുന്നത്.