യുഡിഎഫിനും എല്‍ഡിഎഫിനും മത്സരിക്കാന്‍ ഒരമ്മപെറ്റ സഹോദരങ്ങള്‍

എ കെ ജെ അയ്യര്‍

ഞായര്‍, 15 നവം‌ബര്‍ 2020 (17:22 IST)
കോട്ടയം: ഒരമ്മപെറ്റ മക്കള്‍ തമ്മില്‍ ഒരേ സ്ഥലത്തു മത്സരിക്കുന്നത് ഇപ്പോള്‍ വലിയ കാര്യമല്ല എങ്കിലും ഇവരുടെ അമ്മയ്ക്കാണ് ആരെ പിന്തുണയ്ക്കണം എന്നത് പ്രശ്‌നമാവുന്നത്. ഇത്തരമൊരു വിഷമത്തിലാണ് വിജയപുരം പഞ്ചായത്തിലെ ആശ്രാമം വാര്‍ഡില്‍ മത്സരിക്കുന്ന സഹോദരങ്ങളുടെ അമ്മയായ സരസുവിന്റെ കാര്യം. മാങ്ങാനത്തെ വിജയപുരം പഞ്ചായത്തിലുള്ള കിഴക്കേക്കര വീട്ടില്‍ സരസുവിന്റെ മക്കളാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എന്നതുതന്നെ പ്രശ്‌നം.
 
ബി.എസ് .എന്‍, എല്ലില്‍ നിന്ന് വിരമിച്ച സരസുവിന്റെ മക്കളില്‍ മൂത്തയാളായ സുജാത് (44) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ആശ്രാമം വാര്‍ഡില്‍ മത്സരിക്കുന്നത്. കെ.എസ്.യു വിലൂടെ ഉയര്‍ന്നുവന്ന ആളാണ് സുജാത് എന്നാല്‍ സുജാതിന്റെ മുഖ്യ എതിര്‍ സ്ഥാനാര്ഥിയായിസി.പി.എമ്മിനായി ഇളയ സഹോദരനായ സതീഷ് എന്നറിയപ്പെടുന്ന ജെ.ജെനീഷാണ് (42) മത്സരിക്കുന്നത്.
 
ജെനീഷാണ് സരസുവിനൊപ്പം താമസിക്കുന്നത് എങ്കിലും ഇരുവര്‍ക്കും മാതാവിന്റെ അനുഗ്രഹമുണ്ടെന്നാണ് അവര്‍ പറയുന്നത്. ചെറുപ്പം മുതല്‍ തന്നെ ഇരുവരും അവരവരുടെ പാര്‍ട്ടികളില്‍ സജീവമാണ്. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന ജിനീഷ് എതിര്‍ സ്ഥാനാര്‍ഥി സ്വന്തം ജ്യേഷ്ഠനാണെന്ന് അറിഞ്ഞെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കണം എന്ന ഉദ്ദേശത്തോടെയാണ് മത്സര രംഗത്തിറങ്ങിയത്.  
 
ഇതുപോലെ നെയ്യാറ്റിന്‍കര നഗരസഭയുടെ മരുതത്തൂര്‍ വാര്‍ഡിലും കൊല്ലം ജില്ലയിലെ പരവൂര്‍  മുനിസിപ്പാലിറ്റിയിലെ പ്യൂട്ടിംഗില്‍ വാര്‍ഡിലും സഹോദരങ്ങള്‍ തന്നെയാണ് മുഖ്യ സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍