ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്റെ മരുമകന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്‌ബുക്കില്‍ മാധ്യമപ്രവര്‍ത്തക

ബുധന്‍, 9 മാര്‍ച്ച് 2016 (20:08 IST)
ഇതുവരെ ഇല്ലാതിരുന്ന ആരോപണങ്ങളുമായി ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണന്റെ മരുമകന്‍ പി വി ശ്രീനിജന്‍ തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകയും കുന്നത്തുനാട് എം എല്‍ എ  പി വി സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്റെ ആരോപണം. ഫേസ്‌ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കു വെച്ചിരിക്കുന്നത്. ശ്രീനിജനും ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണനും എതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ലേബിയാണെന്ന് ശ്രീനിജന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ലേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
ലേബി സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
 
“ഇന്നലെ, ലോകമെമ്പാടും വനിതകൾക്ക് മുന്നിൽ ആദരവോടെ നിന്ന വനിതാദിനത്തിൽ എന്‍റെ തൊഴിലിനേയും വ്യക്തിത്വത്തേയും ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ കുറിപ്പ്.
 
5 വർഷം മുമ്പ് ഏഷ്യനെറ്റ് ന്യൂസ് ചാനലാണ് പി.വി ശ്രീനിജനും അയാളുടെ ഭാര്യാപിതാവ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും നടത്തിയെന്നാരോപിയ്ക്കുന്ന വൻ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. ദേശീയതലത്തിൽ പോലും കോളിളക്കം ഉണ്ടാക്കിയ ഒരു ബിഗ് ബ്രേക്കിംഗ് ആയാണ് അന്നും ഇന്നും ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ആ വാർത്തയെ ഞാൻ നോക്കിക്കാണുന്നത്. സുപ്രീംകോടതി വരെ എത്തിയ ആരോപണങ്ങളുടെ പശ്ചാത്തലം ഇതിലുണ്ടായിരുന്നു എന്നത് ഓർക്കേണ്ടതുമാണ്. എന്നാൽ കഴിഞ്ഞ നാലഞ്ച് മാസങ്ങളായി കുന്നത്തുനാട് മണ്ഡലം കേന്ദ്രീകരിച്ച് പലയിടങ്ങളിലും ഈ വാർത്തയ്ക്ക് പിന്നിൽ ഞാൻ ഇടപെടൽ നടത്തി എന്ന രീതിയിൽ ശ്രീനിജൻ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. അർഹിയ്ക്കുന്ന അവജ്ഞയോടെ ഞാനത് അവഗണിയ്ക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ ഒരു പൊതുപ്രവർത്തകൻ(?) പുലർത്തേണ്ട മാന്യതയുടേയും പരസ്പര ബഹുമാനത്തിന്‍റേയും അതിർവരമ്പ് ലംഘിയ്ക്കുന്ന തരത്തിലുള്ള പ്രസ്താവന ശ്രീനിജൻ സാമൂഹമാധ്യമങ്ങളിലൂടെ നടത്തിയതിനാലാണ് ഈ കുറിപ്പെഴുതാൻ‌ ഞാൻ നിർബന്ധിതയായത്.
 
ഏഷ്യനെറ്റ് പോലൊരു പ്രമുഖ മാധ്യമസ്ഥാപനം അവരുടെ എക്കാലത്തേയും വലിയ ബ്രേക്കിംഗ് ന്യൂസുകളിലൊന്ന് എന്ന് അവകാശപ്പെടുന്ന വാര്‍ത്ത ചെയ്തത്,അക്കാലത്ത് മറ്റൊരു ചാനലിൽ റിപ്പോർട്ടറായിരുന്ന എന്‍റെ പ്രേരണയാലായിരുന്നു എന്ന ആരോപണം സാമാന്യയുക്തിയ്ക്ക് ഒട്ടും നിരക്കാത്തതാണ്. ഒരു ചാനലിൽ തൊഴിൽ ചെയ്തുകൊണ്ടിരിയ്ക്കെ മറ്റൊരു പ്രബലചാനലിനെ നിയന്ത്രിയ്ക്കാന്‍ കഴിയുക എന്നതും യുക്തിരഹിതമാണ്.
 
ആ വാർത്ത വന്ന വഴി അറിയാവുന്നത് ആ ചാനലിന്‍റെ തലപ്പത്തുള്ളവർക്കും വാർത്ത നൽകിയ റിപ്പോർട്ടർക്കും മാത്രമാണ്. മാത്രമല്ല ദേശീയപ്രാധാന്യം ലഭിയ്ക്കുന്ന തരത്തിലുള്ള ഒരു വൻ വാർത്തയുടെ വിശദാംശങ്ങളും രേഖകളും ലഭിയ്ക്കുകയാണെങ്കിൽ അത് മറ്റൊരാൾക്ക് കൈമാറാതെ സ്വയം ചെയ്യാനുള്ള ആർജവം അന്നും ഇന്നും എനിയ്ക്കുണ്ട്. മാധ്യമ മര്യാദയും അതാണ്. എന്നിട്ടും ഇക്കാലമത്രയും ഇല്ലാതിരുന്ന ആരോപണവുമായി ശ്രീനിജൻ തിരഞ്ഞെടുപ്പ് സമയത്ത് രംഗത്തുവരുന്നത് ദുരുദ്ദേശ്യപരമാണ്. എന്‍റേയും പോയ മൂന്നു പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള ഭർത്താവ് വി.പി.സജീന്ദ്രന്‍റേയും ജീവിതം തുറന്ന പുസ്തകമാണ്. അതിൽ വ്യക്തിപരമോ രാഷ്ട്രീയപരമോ തൊഴിൽപരമോ ആയ യാതൊരു ആരോപണങ്ങളുടേയും ഒരു കണികപോലും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ജൽപ്പനങ്ങളെ അത് അർഹിയ്ക്കുന്ന അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു. എന്നാൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്‍റെ വ്യക്തിത്വത്തിനെതിരെയും തൊഴിൽപരമായ ധാർമ്മികതയ്ക്കെതിരെയും നടത്തിയ കടന്നാക്രമണത്തെ കണ്ടില്ലെന്ന് നടിയ്ക്കാൻ എനിയ്ക്കാകുന്നുമില്ല....’

വെബ്ദുനിയ വായിക്കുക