21മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഈജിപ്ഷ്യൻ ചിത്രമായ ക്ലാഷിന്. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
അറബ് വസന്താനന്തര സംഭവങ്ങൾ പ്രമേയമാക്കി മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രവുമായി. നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
വിധു വിൻസെൻറിന് മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും വിധു വിൻസെൻറിന്റെ മാൻഹോളിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്കാരം കമ്മട്ടിപ്പാടത്തിന് ലഭിച്ചു.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം തുർക്കി ചിത്രമായ കോൾഡ് ഓഫ് കാലണ്ടർ നേടി. തുർക്കി ചിത്രമായ ക്ലെയർ ഒബ്സ്ക്യൂറിന്റെ സംവിധായിക യസീം ഉസ്താഗ്ലുവിനാണ് രജതചകോരം. ഫിപ്രസി പുരസ്കാരം സ്പാനിഷ് ചിത്രമായ വെയർ ഹൗസ്ഡിനാണ്.
ദ്രാവിഡ ദൃശ്യതാളത്തോടെയാണ് ഏട്ടു രാപകലുകളെ ദൃശ്യസമ്പന്നമാക്കിയ ചലച്ചിത്രമേള കൊടിയിറങ്ങിയത്.