വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം വിവാഹത്തിന് നല്കണമെന്ന് ഇടുക്കി ബിഷപ്പ്

ശനി, 2 ഏപ്രില്‍ 2016 (09:10 IST)
സഭയില്‍ അവിവാഹിതരായി തുടരുന്ന യുവത്വത്തിനെതിരെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. വിവാഹം വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനമാണെന്നും ബിഷപ്പ് പറയുന്നു. ‘വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ’ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
സ്വത്തും ജോലിയും വിവാഹത്തോടെ ഇല്ലാതാകുന്നില്ല. പഠിച്ച് ജോലി വാങ്ങി പണവും പദവിയും സ്വരൂപിച്ച ശേഷം വിവാഹം കഴിച്ചാല്ല് മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ ദമ്പതിമാര്‍ പ്രേരണയാകണം. ഇതിന് മാതൃകയാകാന്‍ വിവാഹിതര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇടവകയില്‍ ഉത്തമരായ പത്തു ദമ്പതിമാര്‍ എങ്കിലും ഉണ്ടാകണമെന്നും ബിഷപ്പ് നിര്‍ദ്ദേശിക്കുന്നു.
 
ദൈവിക പദ്ധതിയുടെ ഭാഗമായി വിവാഹത്തെ കാണണം. തുടര്‍പഠനത്തിന് വിവാഹം തടസമാകുകയില്ല. വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ് പുതിയ മാധ്യമസംസ്കാരം ചെറുപ്പക്കാരില്‍ പകരുന്നത്. ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നെന്നും ബിഷപ്പ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക