പ്രണയം നിരസിച്ചതിനു കൊല ! വിനീഷ് കൃത്യം നടത്തിയത് വളരെ വിദഗ്ധമായി
പ്രണയം നിരസിച്ച പകയില്‍ പെരിന്തല്‍മണ്ണ ഏലംകുളത്ത് 21 വയസുകാരി ദൃശ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് കൃത്യം നിര്‍വഹിച്ചത് വളരെ വിദഗ്ധമായി. ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട് വിനീഷ് നോക്കിവച്ചിരുന്നു. വിനീഷ് ആദ്യം കയറിപറ്റിയത് ഈ ആള്‍താമസമില്ലാത്ത വീട്ടിലാണ്. ഒരു മണിക്കൂറോളം ഇവിടെ ഒളിച്ചിരുന്നു. അവിടെ നിന്ന് ഇറങ്ങി അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറുകയായിരുന്നു. ദൃശ്യയുടെ വീട്ടിലെ അടുക്കളയില്‍ നിന്ന് തന്നെ കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കയറി. മുകളിലെ മുറിയിലേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. മുകളിലെ മുറിയില്‍വച്ച് തന്നെ ദൃശ്യയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍, താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി മുകളിലെ മുറിയില്‍ നിന്ന് താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.