ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ജനങ്ങളുടെ ജീവൻവച്ചെന്ന് ആരോഗ്യമന്ത്രി; വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരും

തിങ്കള്‍, 1 ജനുവരി 2018 (13:13 IST)
സമരം ചെയ്യുന്ന സർക്കാർ മെഡിക്കല്‍ കോളെജുകളിലെ ജൂനിയര്‍ ഡോകടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഡോക്ടര്‍മാരുമായി ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും എന്നിട്ടും സമരം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.   
 
ജോലിക്ക് ഹാജരാകാത്തവരുടെ കൃത്യമായ എണ്ണമെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പണിമുടക്കുന്നത് ജനങ്ങളുടെ ജീവന്‍ വെച്ചാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർ‌ച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കാം എന്ന് അവര്‍ വാക്കുതന്നിരുന്നു. എന്നാൽ, ചില സ്ഥാപിത താത്പര്യക്കാരുടെ മാത്രം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ വീണ്ടും സമരം തുടങ്ങിയതെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
 
അതേസമയം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക,  ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍