പൊലീസ് ചോദ്യം ചെയ്ത നടൻ ഞാനല്ല, എനിയ്ക്കൊന്നുമറിയില്ല: ദിലീപ്

ബുധന്‍, 22 ഫെബ്രുവരി 2017 (13:53 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ദിലീപ് രംഗത്ത്. 
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് തന്നെയല്ലെന്നും സംഭവത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും ദിലീപ്. പൊലീസ് മഫ്തിയിൽ ആലുവയിലെ വീട്ടിലെത്തി ഒരു പ്രമുഖ നടനെ ചോദ്യം ചെയ്‌തുവെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടൻ.
 
''എന്നെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. മനസാ വാചാ എനിയ്ക്ക് ഈ കാര്യങ്ങളിൽ ഒന്നും അറിവില്ല. ഞാൻ പോലും അറിയാത്ത കാര്യങ്ങളാണ് എനിക്കെതിരെ പലരും ആരോപിക്കുന്നത്, ഏതായാലും ദൈവം എന്ന ഒരാള്‍ ഉണ്ടല്ലോ, സത്യാവസ്ഥ പുറത്തുവരട്ടെ''. ദിലീപ് പറഞ്ഞു.
 
വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ലെന്നും തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ പൊലീസ് സ്ഥിരീകരണം നടത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇത് ഒരാള്‍ക്കു വേണ്ടി നടത്തുന്ന ക്വട്ടേഷനാണെന്ന് പള്‍‌സര്‍ സുനി കാറില്‍വെച്ച് പറഞ്ഞുവെന്ന് നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആലുവയിലുള്ള പ്രമുഖ നടനെ രഹസ്യമായി ചോദ്യം ചെയ്‌തത് എന്നായിരുന്നു റിപ്പോർട്ടുകൾ.
 
ഒളിവിലുള്ള പള്‍‌സര്‍ സുനിയെ പിടികൂടിയ ശേഷം ഈ നടനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി നടിയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയതും അ​വ​സ​ര​ങ്ങൾ ഇ​ല്ലാ​താ​ക്കി​യതും ഈ പ്രമുഖ നടനാണെന്നാണ് ആരോപണം.
 
(കടപ്പാട്: സൗത്ത് ലൈവ്)

വെബ്ദുനിയ വായിക്കുക