കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപ് എട്ടാം പ്രതി, മഞ്ജു പ്രധാന സാക്ഷി - 650 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു
ബുധന്‍, 22 നവംബര്‍ 2017 (16:28 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചകഴിഞ്ഞ് 3.35ഓടെയാണ് അന്വേഷണ സംഘം 650 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും. ആറുമാസമെടുത്താണ് കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപിന്‍റെ മുൻ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 355 സാക്ഷികളും 12 പ്രതികളുമാണ് കുറ്റപത്രത്തിലുള്ളത്. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പൾസർ സുനിയെന്ന സുനില്‍ കുമാര്‍, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തി.
ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകളാണ് താരത്തിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്‍റെ ആദ്യ ദാമ്പത്യം തകർത്തതിന്‍റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്‍റെ ബാക്കിപത്രമായാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പൊലീസ് കണ്ടെത്തൽ.