കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ മഞ്ജു വാര്യർ പ്രധാനസാക്ഷിയാകും. പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. സിനിമയിൽ നിന്നുമാത്രമായി 50 സാക്ഷികളാണ് കേസിലുള്ളത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും.