ഏതു കോടതിയില്‍ പോയാലും ജനപ്രിയന് രക്ഷയില്ല ? ദിലീപിനെതിരെ സിനിമാരംഗത്ത് നിന്ന് അഞ്ചിലേറെ സാക്ഷി മൊഴികള്‍ - കുരുക്ക് മുറുക്കി അന്വേഷണസംഘം

ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (15:06 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായി മാറിയേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മാത്രമല്ല ഈ കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് മാത്രമേ കാവ്യാമാധവനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  
 
അതേസമയം,  ഈ കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിനു മുമ്പായി സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും പൊലീസ് സമർപ്പിക്കുക. 
 
കുറ്റപത്രം സമർപ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണ്‍ കിട്ടാത്തതിനാലാണ് ദിലീപിനെതിരെ അന്വേഷണം തുടരുന്നത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഫോണ്‍ നശിപ്പിച്ചുവെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പൊലീസ് ഇതുകാര്യമായി എടുത്തില്ല. 
 
എന്നാല്‍, നടി ആക്രമിക്കപ്പെട്ടിട്ട് 7 മാസം കഴിഞ്ഞിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്നും സംശയമുണ്ട്. ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ കൂട്ടം കൂടി ഫോണ്‍ ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍