കയ്യില്‍ ചില്ലറയില്ലല്ലോ എന്ന് കരുതി ഇനി കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി മുതല്‍ കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസ്സുകളില്‍ മാത്രം നടപ്പിലാക്കിയിട്ടുള്ള സംവിധാനം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍ നേരത്തെയുണ്ടായിരുന്ന ട്രാവല്‍ കാര്‍ഡും ഇങ്ങനെ പുതുക്കി ഉപയോഗിക്കാനാകും. ഗൂഗില്‍ പേ, ഫോണ്‍ പേ, പെടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പുകള്‍ എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്ലോഡ് ചെയ്യാനുള്ള നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.