ഭാര്യ ഗതാഗതകുരുക്കിൽ കുരുങ്ങി,ട്രാഫിക് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ശാസന

അഭിറാം മനോഹർ

ചൊവ്വ, 19 നവം‌ബര്‍ 2019 (19:25 IST)
ഗതാഗതകുരുക്കിൽ ഭാര്യ അകപ്പെട്ടതിനെ തുടർന്ന് ട്രാഫിക് ചുമതലയുള്ള മുതിർന്ന നാല്  ഉദ്യോഗസ്ഥരെ ഡി ജി പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചതായി റിപ്പോർട്ട്. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പടെ നാല്  ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ഡി ജി പി രാത്രി വരെയും ഇവരെ ഓഫീസിന് വെളിയിൽ നിർത്തുകയായിരുന്നു.
 
തലസ്ഥാനത്ത് കഴക്കൂട്ടം– കാരോട് ബൈപ്പാസ് നിർമാണം നടക്കുന്നതിനാൽ ഗതാഗത കുരുക്ക് കൂടുതലുള്ള ഭാഗത്താണ് ഡിജിപിയുടെ ഭാര്യ സഞ്ചരിച്ച വാഹനം ഗതാഗതകുരുക്കിൽ പെട്ടത്. ഗവർണർക്ക് വിമാനതാവളത്തിലേക്ക് യാത്രയാവേണ്ടതിനാൽ ഇവിടെ ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നുവെന്നും ഇതിനിടയിൽ ഡി ജി പിയുടെ ഭാര്യയുടെ വാഹനവും അകപെടുകയായിരുന്നുവെന്നും പോലീസ്  ഉദ്യോഗസ്ഥർ പറയുന്നു. 
 
ഇതിന് പിന്നാലെയാണ് ട്രാഫിക് ചുമതലയുള്ള നാല്  ഉദ്യോഗസ്ഥരെ ഡി ജി പി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ശാസിച്ചത്. ഓഫീസിന് വെളിയിൽ നിർത്തിയ ഇവരെ ഡി ജി പി പോയ ശേഷവും തിരികേ പോകുവാൻ സമ്മതിച്ചില്ല. തുടർന്ന് അസോസിയേഷൻ നേതാക്കൾ ഇടപ്പെട്ടാണ് ഈ  ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍