പിണറായി സര്‍ക്കാര്‍ ചുമത്തിയ 26 യുഎപിഎ കേസുകളില്‍ 25 എണ്ണവും ഒഴിവാക്കും; പരിശോധിച്ച 162 കേസുകളിൽ 136 എണ്ണവും യുഡിഎഫിന്റെ വക

ബുധന്‍, 19 ഏപ്രില്‍ 2017 (08:22 IST)
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആകെ 26 യുഎപിഎ കേസുകളാണ് ചുമത്തിയത്. ഇതിൽ 25 എണ്ണവും ഒഴിവാക്കാന്‍ തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുളള പ്രത്യേക സമിതിയുടെതാണ് തീരുമാനം. 
 
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുതലുളള കേസുകളാണ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതില്‍ 120 കേസില്‍ കുറ്റപത്രം നല്‍കുകയും ചെയ്തു. 162 കേസുകളാണ് ആകെയുണ്ടായിരുന്നത്. ഈ 162 കേസുകളില്‍ 26 എണ്ണത്തിലാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യുഎപിഎ ചുമത്തിയിട്ടുളളത്. 
 
പിണറായി സർക്കാർ ചുമത്തിയ യുഎപിഎ നിലനിൽക്കുന്നത് ഒരേയൊരു കേസിലാണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ കാസര്‍കോട് സ്വദേശികള്‍ക്കെതിരെ ചുമത്തിയ കേസാണ് നിലനില്‍ക്കുക. കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ മാത്രമാണ് ഇടത് സര്‍ക്കാര്‍ ഇപ്പോൾ കുറ്റപത്രം നല്‍കിയിരിക്കുന്നതും.
 
മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി ഇന്നലെ പറഞ്ഞിരുന്നു. തുടരെയുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്,.

വെബ്ദുനിയ വായിക്കുക