പ്രസംഗം മതവിദ്വേഷം വളര്‍ത്തുമെന്ന് കണ്ടെത്തല്‍; ബാലകൃഷ്‌ണ പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദ്ദേശം

വ്യാഴം, 4 ഓഗസ്റ്റ് 2016 (19:31 IST)
വിവാദപ്രസംഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍  ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദ്ദേശം. കൊല്ലത്ത് നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നടപടി. പ്രസംഗം മതവിദ്വേഷം വളര്‍ത്തുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡി ജി പി അന്വേഷണത്തിന് നിര്‍ദ്ദേശം നല്കിയത്.
 
പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പുനലൂര്‍ ഡി വൈ എസ് പി ഒരു പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നിര്‍ദ്ദേശം. ന്യൂനപക്ഷവിരുദ്ധ പ്രസംഗമായി ഇത് പരിഗണിക്കണമെന്ന നിഗമനം ഈ പരിശോധനയില്‍ ഉണ്ടായതായതാണ് വിലയിരുത്തല്‍.
 
സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേണമോ എന്ന് പിന്നീട് തീരുമാനിക്കും. അതേസമയം, ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാലകൃഷ്‌ണ പിള്ള അറിയിച്ചു. 
 
എന്നാല്‍, ഇതിന് സമാനമായ പ്രസംഗം വെള്ളാപ്പള്ളി നടേശന്‍ നടത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നില്ല.

വെബ്ദുനിയ വായിക്കുക