മഷിക്കുപ്പി നാടകത്തില്‍ സത്യം തുറന്നുപറഞ്ഞ് ഡീന്‍ കുര്യാക്കോസ്

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (13:31 IST)
കൂട്ടിയ സ്വാശ്രയഫീസ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മഷിക്കുപ്പിയില്‍ നിന്ന് മഷിയെടുത്ത് ഷര്‍ട്ടില്‍ പുരട്ടിയെന്ന ആരോപണത്തിന് മുറുപടിയുമായി ഡീന്‍ കുര്യാക്കോസ്.

സെക്രട്ടറിയേറ്റ് സമരത്തിലേക്ക് മഷിക്കുപ്പികള്‍ കൊണ്ടുവന്നിട്ടില്ല. എംഎസ്ഫിന്റെ ‘പ്രതിഷേധ വരക്കൂട്ടം’ എന്ന പരിപാടിയില്‍ ചിത്രം വരയ്ക്കാൻ ഉപയോഗിച്ച മഷി സംഘര്‍ഷത്തിലേക്ക് ആരോ വലിച്ചെറിയുകയായിരുന്നു. മഷിക്കുപ്പി സംഭവവുമായി യൂത്ത് കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്ന് എംഎസ്എഫ് അറിയിച്ചിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

മഷിക്കുപ്പിയില്‍ നിന്ന് മഷിയെടുത്ത് ഷര്‍ട്ടില്‍ പുരട്ടിയെന്ന ആരോപണം സര്‍ക്കാരിനെതിരെയുള്ള സമരത്തെയും യൂത്ത് കോൺഗ്രസിനെയും അപമാനിക്കാനുള്ളതാണ്. ഇതു തികച്ചും തെറ്റാണ്. മർദനത്തിൽ പരുക്കേറ്റു എന്നു കാണിക്കാൻ യൂത്തു കോൺഗ്രസ് പ്രവർത്തകർ കൊണ്ടുവന്നതാണെന്ന് വ്യാഖ്യാനിച്ച് വാർത്തകൾ വന്നത് സംഘടനയെ  അപമാനിക്കാനാണെന്നും
യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക