രാമനാട്ടുകര അപകടം: മരിച്ച യുവാക്കൾ സ്വർണ്ണ‌ക്കവർച്ച സംഘത്തിലെ കണ്ണികളെന്ന് സൂചന

തിങ്കള്‍, 21 ജൂണ്‍ 2021 (14:41 IST)
രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍  സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് ഈ സംഘമെന്നാണ് പോലീസ് കരുതുന്നത്. 
 
 ഇന്ന് പുലർച്ചെ 4.45 നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്. ആദ്യം ഒരു സാധാരണ അപകടമരണമായാണ് കരുതിയതെങ്കിലും കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം യുവാക്കള്‍ രാമനാട്ടുകരയിലെത്തിയത് എന്തിനെന്ന ചോദ്യമാണ് പൊലീസിനെ കുഴക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. അപകടം നടന്ന സമയത്ത്  ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. 3 വാഹനങ്ങളിലായി 15 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
 
സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് കാറിലുള്ളവർ പറയുന്നതെങ്കിലും ലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ ബന്ധമോ, അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ വിശദമായി അന്വേഷിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍