40 പവന്റെ കവർച്ച: മോഷണക്കേസ് പ്രതി അണലി ഉല്ലാസ് പിടിയിൽ

ചൊവ്വ, 27 ജൂണ്‍ 2017 (15:29 IST)
ആളില്ലാതിരുന്ന വീട്ടിൽ നിന്ന് നാൽപ്പത് പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയായ  കുപ്രസിദ്ധ മോഷ്ടാവായ അണലി ഉല്ലാസ് എന്നറിയപ്പെടുന്ന മുട്ടത്തറ രാജീവ് നഗർ സ്വദേശി ഉല്ലാസ് എന്ന മുപ്പത്തിരണ്ടുകാരനെ പോലീസ് വലയിലാക്കി.  തൃശൂർ സിറ്റി പൊലീസിലെ ഷാഡോ വിഭാഗമാണ് പ്രതിയെ ഗുരുവായൂരിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ നാലാം തീയതി വെട്ടുകാട് കണ്ണാന്തുറ പള്ളിക്കടുത്ത് ഡാർവിന്റെ മെഴ്‌സിഡസ് എന്ന വീട്ടിൽ നിന്നാണ് മുൻ വാതിൽ കമ്പിപ്പാരകൊണ്ട് പൊളിച്ച് അകത്ത് കടന്ന് നാൽപ്പത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും പഴ്‌സിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയുമാണ് ഉല്ലാസും കൂട്ടരും കവർന്നത്.

ഉല്ലാസിന്റെ കൂട്ടാളികളായ ബീമാപ്പള്ളി സ്വദേശി അസറുദ്ദീൻ (26), കോഴിക്കോട് സ്വദേശി ആനന്ദ് (20) എന്നിവരെ നേരത്തെ തന്നെ ഷാഡോ പോലീസ് കോഴിക്കോട്ടു നിന്ന് അറസ്റ് ചെയ്തിരുന്നു.  തമിഴ്‌നാട്ടിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് ഉല്ലാസ്. പതിനാലാം വയസുമുതൽ മോഷണം ഒരു കാലിയാക്കി വളർന്നയാളാണ് ഉല്ലാസ് എന്നാണ് പോലീസ് പറയുന്നത്.

തമിഴ്‌നാട് ഒളിത്താവളമാക്കിയ ഉല്ലാസ് തിരുനെൽവേലി, തച്ചനല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.

വെബ്ദുനിയ വായിക്കുക