ആലപ്പുഴ ചുവന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
വ്യാഴം, 19 ഫെബ്രുവരി 2015 (08:25 IST)
21മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നാലുദിവസം നീളുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ വെള്ളിയാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ ഇന്ന് ആലപ്പുഴയില്‍ എത്തും.
പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ 15 അംഗ പോളിറ്റ്ബ്യൂറോയിലെ പകുതിയിലേറെ പേരുടെ സാന്നിധ്യത്തില്‍ കടുത്ത നിരീക്ഷണത്തിലാവും സമ്മേളനം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
ശൂരനാട്ടെ രക്തസാക്ഷികളുടെ മണ്ണില്‍ നിന്നാണ് സിപിഎം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള കൊടിമരജാഥയുടെ പ്രയാണം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആദ്യ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് കൊടിമര ജാഥ വിഎസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ആനത്തലവട്ടം ആനന്ദനും വിഎസിനും ചടങ്ങില്‍ സ്വീകരണവും നല്‍കി.തുടര്‍ന്ന് കൊടിമരം വിഎസ് ജാഥാ ക്യാപ്റ്റന്‍ ആനത്തലവട്ടം ആനന്ദന് കൈമാറി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കൊടിമര ജാഥ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയില്‍ എത്തിച്ചേരും.
600 പ്രതിനിധികളാണ് ആലപ്പുഴയിലത്തെുന്നത്. നാളെ രാവിലെ സെക്രട്ടറിയുടെ പ്രസംഗത്തിന് ശേഷം സംഘടനാ റിപ്പോര്‍ട്ട് പിണറായി അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച തുടങ്ങും. തിങ്കളാഴ്ചയാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്.