വഞ്ചിയൂർ വിഷ്ണു കൊലക്കേസ്; 11 ആർ എസ് എസ് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം, ഒരാൾക്ക് ജീവപര്യന്തം

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (11:41 IST)
സി പി എം പ്രവർത്തകൻ വിഷ്നുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 പേർക്ക് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചു. ഒരാൾക്ക് ജീവപര്യന്തവും മറ്റൊരാൾക്ക് മൂന്ന് മാസം കഠിന തടവുമാണ് കോടതി വിധിച്ചത്. കേസിൽ 13 ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 
 
കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികൾ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. കേസിലെ 16ആം പ്രതിയായ സന്തോഷ് കുമാറിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. സന്തോഷ് കുറ്റക്കാരൻ അല്ലെന്ന് കോടതിയ്ക്ക് വ്യക്തമായതിനെ തുടർന്നാണ് ഇയാളെ വെറുതെ വിട്ടത്. അതോടൊപ്പം കേസിലെ അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണ്. 
 
2008 ഏപ്രില്‍ ഒന്നിനായിരുന്നു സി പി എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. 16 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ മൂന്നാംപ്രതി രഞ്ജിത്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖകളും 65 തൊണ്ടി മുതലുകളും തെളിവായി സ്വീകരിച്ചു.
 

വെബ്ദുനിയ വായിക്കുക