തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾക്ക്: പിണറായി
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (11:41 IST)
തോട്ടം തൊഴിലാളികള്‍ സമരം നടത്തുന്ന മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്നത് മാധ്യമ പ്രചാരണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പിണറായി അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
മൂന്നാറിലെ തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീർപ്പാക്കാൻ തയാറാകേണ്ടത്. ഇന്ന് നടക്കുന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യം അംഗീകരിപ്പിക്കാൻ സർക്കാർ തയാറാകണം. കെഡിഎച്ച്പി കമ്പനി തെറ്റായ തീരുമാനത്തിൽ നിന്ന് പിന്മാറണം.
സമരവേളയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാം- ബോണസും ന്യായമായ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമ്പോൾ അത്തരം പ്രതികരണങ്ങൾ അസ്വാഭാവികമല്ല. അതുകൊണ്ടു തൊഴിലാളി കമ്യൂണിസ്റ്റുകാരന്റെ ശത്രു ആകില്ല. രാഷ്ട്രീയക്കാർ ചെന്നാൽ തല്ലി ഓടിക്കും എന്ന മാധ്യമ പ്രചാരണങ്ങൾക്കിടയിൽ അവരുടെ ഇടയിലേക്ക് സിപി ഐ എം നേതാക്കൾ ചെല്ലുന്നതും ആ സമരത്തിനു എല്ലാ വിധ പിന്തുണയും നല്കുന്നതും തൊഴിലാളി വർഗത്തിൻറെ കൊടിയാണ് ഈ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് എന്നത് കൊണ്ടാണ്. സമരം ഒരു നിമിഷം വൈകാതെ ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കണം എന്ന് സര്ക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നു.