സിപിഐ ഇടതുമുന്നണിയുടെ വേലക്കാരനെന്ന് മുസ്ലീം ലീഗ്
തിങ്കള്‍, 17 നവംബര്‍ 2014 (19:23 IST)
സിപിഐയെ ഇടതുമുന്നണിയിലെ വേലക്കാരനോടുപമിച്ച് മുസ്ലീം ലീഗ്. ഇടതു മുന്നണിയില്‍ മാണിയും കോണിയും വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍െറ പരാമര്‍ശത്തിന് മറുപടി പറയുന്നതിനിടെയാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സിപിഐയെ വേലക്കാരനെന്ന് പരിഹസിച്ചത്.
തങ്ങള്‍ മുന്നണിയില്‍ വേണോ വേണ്ടേയെന്നത് വേലക്കാരനായ സിപിഐ പറയേണ്ടതില്ലെന്നു പരിഹസിച്ച അദ്ദേഹം മുന്നണിയിലെ യജമാനന്‍ ആയ സി.പി.എമ്മാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോണിയില്‍ കയറിയാണ് സിപിഐക്കാര്‍ മുമ്പ് മുഖ്യമന്ത്രിയായതെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇടതുപക്ഷവുമായി വിലപേശാന്‍ ലീഗ് എങ്ങോട്ടും പോയിട്ടില്ല. യു.ഡി.എഫില്‍ നിന്ന് വിട്ടുപോവേണ്ട ആവശ്യമില്ലാത്തതിനാല്‍ അത്തരമൊരു ചര്‍ച്ചക്കു തന്നെ പ്രസക്തിയില്ല. ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ്. മദ്യം നിരോധിക്കുന്ന സര്‍ക്കാര്‍ നടപടി ഏതുനിലക്കും പൊളിക്കാനാണ് അബ്കാരി മുതലാളിമാര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് ഗുണകരമാവുന്നതാണ് പ്രതിപക്ഷത്തിന്‍െറ നീക്കം. മന്ത്രി കെഎം മാണിക്കെതിരായ അഴിമതി ആരോപണത്തിനു പിന്നിലും അതാണ്. മാണിയെ മുന്നണിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ല. ഇത് രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.