ബന്ധുനിയമനവിവാദത്തില്‍ നയം വ്യക്തമാക്കി സി പി ഐ; സ്വജനപക്ഷപാതം അനീതി; അക്ഷന്തവ്യമായ കുറ്റമെന്നും മുഖപത്രം

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (10:38 IST)
ബന്ധുനിയമനവിവാദത്തില്‍ നയം വ്യക്തമാക്കി സി പി ഐ. മുഖപത്രമായ ‘ജനയുഗ’ത്തിലെ മുഖപ്രസംഗത്തിലാണ് സി പി ഐ വ്യവസായമന്ത്രി ഇ പി ജയരാജന്‍ നടത്തിയ ബന്ധുനിയമനത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്.
 
സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനങ്ങളും അനീതിയാണ്. ‘എല്‍ ഡി എഫിനു മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
 
ഉന്നതയോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
 
ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ ഇടതുപക്ഷത്തെ വേറിട്ട്‌ നിര്‍ത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാര്‍മ്മികസ്ഥിരതയാണ്‌. അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വെച്ചു പൊറുപ്പിക്കാനോ പാടില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
Next Article