കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച പികെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ശനി, 16 ഏപ്രില്‍ 2016 (14:19 IST)
തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതനായി നിന്ന് മത്സരിച്ച് വിജയിച്ച പി കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. 
 
രാഗേഷിനെ കൂടാതെ, ഇരിക്കൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ ആര്‍ അബ്‌ദുള്‍ ഖാദര്‍, രാഗേഷിനെ പിന്തുണച്ച കായക്കൂല്‍ രാഹുല്‍, പ്രദീപ്കുമാര്‍ എന്നിവരെയും പുറത്താക്കി. ഡി സി സി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
 
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പി കെ രാഗേഷ് വിതമനായി മത്സരിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ അന്ന് ആറു വര്‍ഷത്തേക്ക് രാഗേഷിനെ പുറത്താക്കിയിരുന്നു.
 
പിന്നീട് രാഗേഷിനെ തിരിച്ചെടുത്തെങ്കിലും താന്‍ ഉന്നയിച്ച പ്രശ്നനങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളെ നിർത്തുമെന്ന് ഐക്യ ജനാധിപത്യ സംരക്ഷണസമിതിയുടെ യോഗം വിളിച്ചു കൂട്ടി രാഗേഷ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് പുറത്താക്കലിന് ഇടയാക്കിയത്.

വെബ്ദുനിയ വായിക്കുക