കൂടുതല്‍ മിണ്ടരുത്, വിവാദങ്ങളും പ്രതിസന്ധിയും വേണ്ട; മുഖ്യമന്ത്രി രണ്ടും കല്‍പ്പിച്ച് - 26ന് യോഗം

വ്യാഴം, 22 ഡിസം‌ബര്‍ 2016 (15:51 IST)
സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ണായക യോഗം വിളിച്ചു ചേര്‍ക്കുന്നു. മന്ത്രിമാരെയും അവരുടെ പേഴ്‌സണ്‍ സ്‌റ്റാഫ് അംഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ 26ന് യോഗം വിളിച്ചിരിക്കുന്നത്.

ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കെതിരെ പോലും ശക്തമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഉടലെടുത്ത ഐഎഎസ്- ഐഎപിഎസ് ചേരിപ്പോരും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും റേഷന്‍ മുടങ്ങിയതും ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാല്‍ ഈ വിഷയത്തിലും കാര്യമായ ചര്‍ച്ച നടക്കും. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍, പൊലീസ് മര്‍ദ്ദനങ്ങള്‍ എന്നിവയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ജന വികാരമുണ്ടാകുന്നു എന്ന തോന്നലും സര്‍ക്കാരിനുണ്ട്.

ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്ന ചില നടപടികളില്‍ സി പി ഐയ്‌ക്ക് എതിര്‍പ്പുള്ളതും അവര്‍ അത് പരസ്യമായി പറയുന്നതും സര്‍ക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് യോഗം വിളിക്കുന്നത്.

വെബ്ദുനിയ വായിക്കുക