ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനു ശേഷം ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അര്‍ജുന്‍ സംഭവത്തെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തി. ക്രൂരമായ ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. കുട്ടി മരിച്ചെന്ന് കരുതിയാണ് അര്‍ജുന്‍ മുറിയില്‍ കെട്ടിയിട്ടിരിക്കുന്ന കയറില്‍ കെട്ടിത്തൂക്കിയത്. കഴുത്ത് മുറുകിയതോടെ പെണ്‍കുട്ടി കണ്ണ് തുറന്നു. ഇക്കാര്യം അര്‍ജുന്‍ തന്നെയാണ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയത്.
പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മുന്‍വശത്തെ കതക് അര്‍ജുന്‍ അടച്ചു. തുടര്‍ന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരി മരിച്ചതറിഞ്ഞ് ആണ്‍കുട്ടി ഓളിയിട്ടു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ആളുകള്‍ ഓടിയെത്തി. ഓടി എത്തിയവരുടെ കൂട്ടത്തില്‍ പ്രതി അര്‍ജുനും ഉണ്ടായിരുന്നു.
മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അര്‍ജുന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമാക്കിയത് അര്‍ജുന്‍ തന്നെയാണ്. ഇങ്ങനെയൊരു പ്രചരണം നടത്തുന്നത് തനിക്ക് ഗുണം ചെയ്യുമെന്നാണ് അര്‍ജുന്‍ കരുതിയത്. എന്നാല്‍, മൃതദേഹ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതോടെ കാര്യങ്ങള്‍ അര്‍ജുന് എതിരായി.
കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന ലയത്തിലെ തൊട്ടടുത്ത മുറിയിലാണ് പ്രതി അര്‍ജുന്‍ താമസിക്കുന്നത്. പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടായിരുന്നു. കുട്ടിയെ കളിപ്പിക്കാനെന്നവണ്ണം അര്‍ജുന്‍ ഇവരുടെ വീട്ടിലേക്ക് ഇടയ്ക്കിടെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ അര്‍ജ്ജുന് നല്‍കിയിരുന്നു. അത്രത്തോളം വിശ്വാസമായിരുന്നു ഇയാളെ. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തങ്ങളുടെ മകളെ അര്‍ജുന്‍ ലൈംഗികമായി ദുരുപയോഗിക്കുന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞില്ല. കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു അര്‍ജ്ജുന്റെ ചൂഷണം.