മകന്‍ മുഖ്യമന്ത്രിയുടെ പി എ ആണെന്ന് പറഞ്ഞ് ദമ്പതികളുടെ തട്ടിപ്പ്

ചൊവ്വ, 17 നവം‌ബര്‍ 2015 (13:27 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പി.എ യാണു തങ്ങളുടെ മകനെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ദമ്പതികളെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി നേമം കേളേശ്വരം ആതിര ഗാര്‍ഡനില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയന്‍ (58), ഭാര്യ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്‍റ് തങ്കമണി (50) എന്നിവരാണു പൊലീസ് വലയിലായത്.
 
ഇവരുടെ മകനും സുഹൃത്തും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വിജയന്‍ 2013 ല്‍ ചെന്നിത്തല തൃപെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കവേ സഹ ഉദ്യോഗസ്ഥനായ ചെന്നിത്തല സ്വദേശി റോമിയോയെ തന്‍റെ മകന്‍ മുഖ്യമന്ത്രിയുടെ പി.എ ആണെന്നും അതുവഴി റോമിയോയുടെ ഭാര്യാ സഹോദരന്‍ മലബാര്‍ മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ ജോലി തരപ്പെടുത്താമെന്നും വിശ്വസിപ്പിച്ചു. ഇതിനായി ഇയാള്‍ എട്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും അഞ്ച് ഗഡുക്കളായി 2.8 ലക്ഷം രൂപ കൈവശപ്പെടുത്തുകയും ചെയ്തു.
 
എന്നാല്‍ പറഞ്ഞ സമയത്ത് ജോലി ലഭിക്കാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ വഞ്ചിച്ചതാണെന്ന് മനസിലാക്കിയ റോമിയോ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് മാന്നാര്‍ സി.ഐമാരായ മോഹനകൃഷ്ണന്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക