തൊഴിലാളി സംഘടനകളില്‍ ഗുണപരമായ മാറ്റം : മുഖ്യമന്ത്രി

ബുധന്‍, 26 ഓഗസ്റ്റ് 2015 (15:51 IST)
തൊഴിലാളി സംഘടനകളുടെയും നേതാക്കന്‍മാരുടെയും കാര്യത്തില്‍ തികച്ചും അനുകൂലമായ മാറ്റം ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴിലാളി പ്രശ്‌നത്തിന്റെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുണ്ടായിരുന്ന വിമുഖത ഇപ്പോള്‍ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലും നൈപുണ്യവും വകുപ്പ് ഏര്‍പ്പെടുത്തിയ വേതന സുരക്ഷാ പദ്ധതിയുടെയും കാള്‍ സെന്ററിന്റെയും സംസ്ഥാനതല ഉദ്ഘാടനം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 
 
തൊഴിലാളി സമരം കൊണ്ട് ഇന്ന് ഒരു സ്ഥാപനവും അടഞ്ഞു കിടക്കുന്നില്ല. ചില സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിന് തൊഴിലാളി പ്രശ്‌നങ്ങളല്ല കാരണം. സാമ്പത്തികമായ പ്രതിസന്ധികളും അവശ്യവസ്തു ലഭ്യതക്കുറവുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് ഇതിന് കാരണം - മുഖ്യമന്ത്രി പറഞ്ഞു.
 
തൊഴിലാളി സംഘടനകളുടെയും നേതാക്കളുടെയും ഗുണപരമായ മാറ്റങ്ങള്‍ കേരളത്തിന് അഭിമാനകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. വേതനാവകാശനിയമം പ്രാബല്യത്തിലിരിക്കെ അത് തൊഴിലാളിക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനുളള നടപടിയാണ് തൊഴില്‍ വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിട്ടുളളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക