വിജയരാഘവൻ വായ തുറക്കുന്നത് വർഗ്ഗീയത പറയാൻ, ചേരിതിരിവുണ്ടാക്കാൻ സിപിഎം ശ്രമമെന്ന് ചെന്നിത്തല

വ്യാഴം, 28 ജനുവരി 2021 (12:59 IST)
രണ്ട് വോട്ടിന് വേണ്ടി എന്ത് വർഗ്ഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം വിജയരാഘവനിൽ നിന്നും വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച സംഭവത്തിൽ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദർശനലക്ഷ്യമെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം.വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
അതേസമയം നിയമസഭാതിരഞ്ഞെടുപ്പിലും മുസ്ലിംലീഗിനെ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണം തന്നെയാവും ഇടതുമുന്നണി ഏറ്റെടുക്കുന്നതെന്നാണ് വിജയരാഘവന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നത്. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നടത്തിയ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ പ്രചാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്ഷ്യംകണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍