ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിചാരണാ നടപടികൾ ആരംഭിക്കും. വിവാദ വ്യവസായിയും നിരവധി കേസുകളിലെ പ്രതിയുമായ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റേതുൾപ്പെടെ 111 സാക്ഷി മൊഴികൾ കേസിൽ നിർണായകമാവും. വിചാരണാവേളയില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തടയാന്‍ നേരത്തെ മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കുന്ന തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെപി സുധീറിന് സുരക്ഷയേർപ്പെടുത്തി.
നവംബർ പതിനേഴിനകം സാക്ഷി വിസ്താരം പൂർത്തായാക്കാനാണ് തീരുമാനം. നവംബര്‍ 30നകം കേസിലെ വിധി പറയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിസാമിനെ വിയ്യൂരിലെത്തിച്ചിട്ടുണ്ട്. സാക്ഷികൾ കൂറുമാറാനുള്ള സാധ്യതകൾ ജാഗ്രതയോടെ നേരിടുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സിപി ഉദയഭാനു അറിയിച്ചു.
കഴിഞ്ഞ ജനുവരി 29നാണ് ശോഭാസിറ്റി സെക്യൂരിറ്റിയായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം കാറിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. കേസിൽ ഏപ്രിൽ ആദ്യവാരം പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയത് കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൂലമായിരുന്നു.