സിഇടി: മുഖ്യപ്രതി ബൈജു കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (12:24 IST)
ഓണാഘോഷത്തിനിടെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ (സിഇടി) കോളേജിലെ   ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിലെ മുഖ്യപ്രതി ബൈജു കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

താന്‍ മനപൂര്‍വം ചെയ്തതല്ലെന്നും ജീപ്പിന്റെ ബോണറ്റിലും കുട്ടികള്‍ കയറിയിരുന്നതിനാല്‍ പെണ്‍കുട്ടി റോഡിലൂടെ നടന്നത് കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് ബൈജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയിരിക്കുന്ന മൊഴി. എന്നാല്‍ ബൈജു പൂർവ്വവൈരാഗ്യം വെച്ച് പെൺകുട്ടിയെ മനപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജീപ്പില്‍ ബൈജുവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ പേരും മേല്‍വിലാസവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ എല്ലാം ഒളിവിലാണ്. മാതാപിതാക്കളുടെ സഹായത്തോടെ ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു.

അതേസമയം, ബൈജുവിനെ ഞായറാഴ്ച വൈകിട്ട് രഹസ്യമായി കോളജില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതിക്കെതിരേ ആക്രമണം ഉണ്ടാകുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രഹസ്യമായി തെളിവെടുപ്പു നടത്തിയത്. മെഡിക്കല്‍ കോളജ് സിഐയുടെയും ഡപ്യൂട്ടി കമ്മീഷണറുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.

തമിഴ്നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർഥിനിയെ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ  കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസിനു മുന്നിൽ പ്രതി കീഴ‍ടങ്ങിയത്. ശംഖുമുഖം അസി കമ്മീഷണറാണ് അറസ്റ്റുരേഖപ്പെടുത്തിയത്. തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ബൈജുവിനെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി സഞ്ജയ് കുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക