കേന്ദ്ര വിഹിതം മുടങ്ങിയിട്ട് രണ്ടുവര്‍ഷം; എന്നിട്ടും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍, അധിക ബാധ്യത

വ്യാഴം, 17 ഓഗസ്റ്റ് 2023 (09:21 IST)
സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ഭാരമുണ്ടാക്കി കേന്ദ്രം. സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍ കേന്ദ്രം നല്‍കിയിരുന്ന വിഹിതം മുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെന്‍ഷന്‍ എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിരുന്നത്. എന്നാല്‍ 2021 ന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ല. 
 
പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം വഴി പെന്‍ഷന്‍ വിതരണം നടത്തണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തി വേണം പെന്‍ഷന്‍ വിതരണം ചെയ്യാന്‍. അതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതിനെ തുടര്‍ന്നാണ് കേന്ദ്ര വിഹിതം മുടങ്ങിയത്. 2023 ഏപ്രിലോടെ സംസ്ഥാനത്ത് പി.എഫ്.എം.എസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് മുടങ്ങി കിടക്കുന്ന വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്രം വിരലനക്കിയിട്ടില്ല. 
 
കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന് അധിക ബാധ്യതയാകുകയാണ്. കേന്ദ്ര വിഹിതം കൂടി ചേര്‍ത്ത് സംസ്ഥാന സര്‍ക്കാരാണ് ഇപ്പോള്‍ കൃത്യമായി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. 6,88,329 ആളുകള്‍ ഇന്ന് കേരളത്തില്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 60 മുതല്‍ 79 വയസുവരെയുള്ള ആളുകള്‍ക്ക് 200 രൂപ, 80 വയസ് മുതല്‍ 500 രൂപ, വാര്‍ധക്യ പെന്‍ഷനില്‍ 300 രൂപ എന്നിങ്ങനെയാണ് കേന്ദ്ര വിഹിതം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍