നടിയെ ആക്രമിച്ച കേസ്: സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട - അന്വേഷണസംഘം കോടതിയിലേക്ക്

ശനി, 25 നവം‌ബര്‍ 2017 (14:00 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി നടക്കുന്ന മാധ്യമ ചർച്ചയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിലേക്ക്. സാക്ഷികള്‍ നല്‍കിയ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ ആ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
 
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഈ കേസില്‍ ദിലീപിന്റെ പങ്കുണ്ടെന്ന കാര്യം ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു എന്നാണ് സഹോദരന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
 
ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം. കൊച്ചിയിലെ ‘അമ്മ’ താരനിശ നടക്കുന്നതിനിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണെന്നും സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിമാരായ മഞ്ജു വാര്യർ, കാവ്യാ മാധവൻ അടക്കം സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. ഇതിൽ എത്ര പേർ അവസാനം വരെ പൊലീസിന്റെ കൂടെ നിൽക്കുമെന്ന കാര്യം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍