വാഹനാപകടത്തില്‍ മൂന്നു മരണം; കണ്ണൂരില്‍ രണ്ടു മരണം

ചൊവ്വ, 16 ജൂണ്‍ 2015 (10:49 IST)
കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചിറക്കല്‍ സ്വദേശി സിന്ധു (45), മകന്‍ വിഷ്ണു (24) എന്നിവരാണ് മരിച്ചത്. ഇവര്‍ ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ വീനസ് കോർണറിലായിരുന്നു അപകടം.

ഡ്രൈവർ ബാബുവിനെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ലോറി കാറിൽ ഇടിക്കുകയായിരുന്നു. സിന്ധുവിന്റെയും വിഷ്ണുവിന്റെയും മൃതദേഹം തലശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ശങ്കരൻ നായർ-കാർത്യായനി ദമ്പതികളുടെ മകളാണ് മരിച്ച സിന്ധു. പ്ളസ് ടു വിദ്യാർത്ഥിയായ ശങ്കർ സിന്ധുവിന്റെ മറ്റൊരു മകനാണ്. രത്നകുമാർ വിദേശത്താണ്.

അതേസമയം, ബാലുശേരിയില്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ അപകട സ്ഥലത്ത് റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയാണ് ഉപരോധക്കാരെ മാറ്റിയത്.

വെബ്ദുനിയ വായിക്കുക