ശനിയാഴ്ച കോഴിക്കോട് ജില്ലാ കോടതിയിൽ പൊലീസ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കോടതിയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ ജഡ്ജി ടി പി എസ് മൂസതിന്റെ നിര്‍ദേശ പ്രകാരം ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. മാവോവാദി നേതാവ് രൂപേഷിനെ കോടതിയയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഏർപ്പെടുത്തുന്നതിനായിട്ടായിരുന്നു ഇത്.
രൂപേഷിനായിട്ടാണ് പൊലീസ് സുരക്ഷ ശക്തമാക്കിയതെങ്കിലും ഐസ്ക്രീം കേസിൽ വി എസ് അച്യുതാനന്ദൻ നൽകിയ ഹർജിയെപ്പറ്റി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയായിരുന്നു പൊലീസ് കയ്യേറ്റം ചെയ്തത്. കോടതിയിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ അതിക്രമം. സംഭവം വഷളായതിനെ തുടർന്ന് കയ്യേറ്റം ചെയ്ത പൊലീസിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസുമായി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് എത്തിയ പൊലീസ് അന്വേഷണ സംഘത്തിന് ഇക്കാര്യമെല്ലാം എഴുതിനല്‍കിയിട്ടുമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.