കൈക്കൂലി : "മികച്ച" വില്ലേജ് ഓഫീസർ പിടിയിലായി

എ കെ ജെ അയ്യര്‍

ബുധന്‍, 9 ഓഗസ്റ്റ് 2023 (18:53 IST)
കോട്ടയം: വില്ലേജ് ഓഫീസർക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ വന്നതോടെ ഇവ പരിശോധിക്കാൻ എത്തിയ വിജിലൻസ് സംഘം ഒടുവിൽ വില്ലേജ് ഓഫീസറെ പിടികൂടിയപ്പോൾ അന്തംവിട്ടു - അത് ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനം സംഭാവനയായി നൽകിയ തുക വില്ലേജ് ഓഫീസർ തട്ടിയെടുത്തത് കണ്ടുപിടിച്ചതോടെയാണ്. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി കടുത്തുരുത്തി വില്ലേജ് ഓഫീസറായി തുടരുന്ന സജി ടി.വർഗീസാണ് ഇപ്പോൾ പിടിയിലായത്.  

കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവർത്തനം നടത്തി എന്നതിന് റവന്യൂ വകുപ്പ് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തെ മികച്ച വില്ലേജ് ഓഫീസർ എന്ന പുരസ്കാരം നൽകി ആദരിച്ചിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം വിജിലൻസ് പിടിയിലായി. കടുത്തുരുത്തി വില്ലേജ് ഓഫീസിന്റെ പരിധിയിൽ മണ്ണെടുക്കുന്നതിനും കല്ല് വെട്ടുന്നതിനും പണം വാങ്ങി അനുമതി നൽകുന്നതായി വിജിലൻസിന് രണ്ടു മാസങ്ങൾക്ക് മുമ്പ് പരാതി ലഭിച്ചിരുന്നു.

അടുത്തിടെ മണ്ണെടുക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ചോദിച്ചത് സംബന്ധിച്ച പരാതി വീണ്ടും വിജിലൻസിന് ലഭിച്ചു. ഇതോടെ വിജിലൻസ് ഇദ്ദേഹത്തെ നിരീക്ഷിച്ചു തുടങ്ങി. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചെങ്കിലും ഇദ്ദേഹം ഇവിടെ തന്നെ തുടരുന്നതും വിജിലൻസിന് സംശയം ബലപ്പെട്ടു. തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയതും സംഭാവന തട്ടിപ്പ് പിടികൂടിയതും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍