ബോഡി ഡബ്‌ളിംഗ് കേസില്‍ സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് വ്യക്തമാക്കി.
ബോഡി ഡബ്‌ളിംഗ് നടന്നുവെന്ന നടിയുടെ പരാതി സ്ഥിരീകരിക്കുന്ന രീതിയില്‍ അന്വേഷണ സംഘത്തിനു ഇവരില്‍ നിന്നും മൊഴി ലഭിച്ചു. അതേസമയം, ആവശ്യപ്പെട്ട പണം നല്‍കാത്തതിനെത്തുടര്‍ന്ന് നടിയുമായി തര്‍ക്കമുണ്ടായെങ്കിലും അപമര്യാദയായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്‌തിട്ടില്ലെന്ന് ജീന്‍ പോള്‍ മൊഴി നല്‍കി.
ചോദ്യം ചെയ്തതിനെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജീന്‍ പോള്‍ ലാല്‍ തയാറായില്ല. പരാതി കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. പരാതികൾ ഗൗരവമേറിയതാണെന്നും ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതു നല്ല കീഴ്‍വഴക്കമല്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വേണ്ടിവന്നാല്‍ നടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍വരെ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
ആസിഫ് അലി നായകനായ ‘ഹണി ബി ടു’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരേ പരാതി നല്‍കിയത്. മൂന്നു പരാതികളാണ് നടിക്കുണ്ടായിരുന്നത്. അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ല, പ്രതിഫലം ചോദിച്ചപ്പോൾ അസഭ്യം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ്.