ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന് സർക്കാരിന് നിയമോപദേശം; കേസിൽ അന്തിമ തീർപ്പ് വരുംവരെ പഴയ സ്ഥിതി നിലനിർത്തുന്നത് ഉചിതം

തുമ്പി ഏബ്രഹാം

വെള്ളി, 15 നവം‌ബര്‍ 2019 (12:02 IST)
2018 സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കേണ്ട എന്ന് സർക്കാരിന് അഡ്വേക്കേറ്റ് ജനറൽ ജയദീപ് ഗുപ്‌തയുടെ നിയമോപദേശം. കേസിൽ അന്തിമതീർപ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമതീർപ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.

മതം അടിസ്ഥാനമാക്കിയുള്ള വിഷയമായതിനാൽ കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്കായി ശബരിമല പുനഃപരിശോധനാ ഹർജികൾ ഇന്നലെ ഏഴ് അംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് സുപ്രീം കോടതി വിട്ടിരുന്നു. എന്നാൽ പഴയ വിധിക്ക് സ്റ്റേ ഇല്ല എന്നും കോടതി വ്യകത്മാക്കിയിരുന്നു.
 
കോടതിയുടെ ഈ നിലപാടിനെ തുടർന്ന് ശബരിമലയിൽ ഈ മണ്ഡലകാലത്തിൽ സ്ത്രീകളെ ശബരിമലയിൽ കയറ്റുമോ എന്ന ചോദ്യം പ്രസക്തമായി. എന്നാൽ, സുപ്രീം കോടതിയുടെ വിധി സങ്കീർണമാണെന്നും നിയമോപദേശം ലഭിച്ച ശേഷം സർക്കാർ നിലപാട് വ്യക്തമാക്കാം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
 
സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിൽ സ്ത്രീകൾ ശബരിമലയിൽ എത്തില്ലെന്ന് നിയമമന്ത്രി എകെ ബാലൻ ഇന്നലെ വിധി വന്ന ശേഷം വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് മുൻപായി വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ കൂടിക്കാഴ്ച നടത്തും. വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ ഉടൻ ഹർജി സമർപ്പിച്ചേക്കില്ലെന്നാണ് സൂചനയെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍