നൗഷാദിന്റെ മരണം; വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് വിവേചനപരമായി, പിന്തുണ നല്‍കുമെന്ന് ബിജെപി
ചൊവ്വ, 1 ഡിസംബര്‍ 2015 (11:38 IST)
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് വിവേചനപരമായാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മരിച്ച നൗഷാദിന് സഹായം നൽകിയതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്‌തത്. വെള്ളാപ്പള്ളിക്ക് മുഴുവന്‍ ഭൂരിപക്ഷ സമുദായത്തിന്റെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതവിവേചനം കാണിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു വെള്ളാപ്പള്ളി ശബ്ദമുയര്‍ത്തിയത്. ഇതേരീതിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയ ഇടുക്കി ബിഷപ്പിനെതിരെയോ സുവിശേഷ പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നു പ്രസംഗിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെയോ കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് നട്ടെല്ലുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനു സഹായം നല്കിയതിനെ വെള്ളാപ്പള്ളി എതിര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ രീതിയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തിയ എറണാകുളത്തെ ഉല്ലാസിനോടും വിഷ്ണുവിനോടുമുള്ള സര്‍ക്കാരിന്റെ സമീപനം ഇതായിരുന്നില്ല. ഈ വിവേചനത്തിനെതിരെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. മതം നോക്കി സഹായം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. രക്ഷിക്കുന്നവർ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആയിക്കോട്ടെ. മതത്തിന്റെ പേരിൽ വിവേചനം കാണിച്ചാൽ കേരളത്തിലെ ഭൂരിപക്ഷ സമൂഹം അതിനെ എതിർക്കുക തന്നെ ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. നൗഷാദിന്റെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിന് മുന്‍പ് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.