സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ നിശാ പാർട്ടി വിവാദവും: അമേഠി മാതൃകയിൽ രാഹുലിനെ ഉന്നംവെച്ച് ബിജെപി

ബുധന്‍, 4 മെയ് 2022 (22:16 IST)
പര‌മ്പരാഗതമായി നെഹ്രു കുടുംബം മാത്രം വിജയിച്ചുവന്ന കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ അമേഠിയിൽ വെന്നിക്കൊടി പാറിച്ച ബിജെപി തന്ത്രം വയനാട്ടിലും പയറ്റാനൊരുങ്ങി നേതൃത്വം. അമേഠിയിൽ ആദ്യ തവണ പരാജയപ്പെട്ടെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് സ്മൃതി ഇറാനി നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിനെ അമേഠിയില്‍ വീഴ്‌ത്തിയത്.
 
വയനാട് മണ്ഡലത്തിൽ നേടിയ തകർപ്പൻ വിജയത്തിലൂടെയാണ് രാഹുൽ ഗന്ധി പക്ഷേ പിടിച്ചുനിന്നത്. എന്നാൽ അമേഠിയിൽ വിജയകരമായി പരീക്ഷിച്ച പ്രവർത്തനം വയനാട്ടിലേക്കും വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ബിജെപി. സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിനൊപ്പം രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് നിശാപാർട്ടി വിവാദം വന്നത് മറ്റൊന്നും കൊണ്ടല്ല.
 
മണ്ഡലത്തിലെ എം.പി.യുടെ അസാന്നിധ്യം ഉയര്‍ത്തിക്കൊണ്ടുവന്നും വികസനകാര്യത്തിൽ ആക്ഷേപം ഉന്നയിച്ചുമാണ് ബിജെപി രാഹുലിനെ ലക്ഷ്യം വെയ്ക്കുന്നത്.കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയെ തന്നെ ഇക്കാര്യത്തിൽ ബിജെപി നിയോഗിച്ചു എന്നതും ശ്രദ്ധേയം.രാജ്യത്തെ പിന്നാക്കജില്ലകള്‍ക്കായുള്ള ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെട്ട വയനാട്ടിലെ പദ്ധതിനടത്തിപ്പില്‍ വീഴ്ചകളാരോപിച്ചും ആദിവാസി കോളനികൾ സന്ദർശിച്ചും സ്മൃതി ഇറാനി ‌ജനങ്ങളിലേക്കിറങ്ങിയത് ഇതിനോട് ചേർത്ത് വായിക്കാം.
 
അതേസമയം സ്മൃതി ഇറാനിയുടെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുമായി രംഗത്തുവരുമെന്നാണ് സൂചന.മേയ് രണ്ടാംവാരത്തിനുള്ളില്‍ രാഹുലും മണ്ഡലത്തിലെത്തും. ആറ് മാസക്കാലമായി രാജ്യസഭാംഗമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നേതാക്കൾ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അര്‍ജുന്‍ മുെണ്ട, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ അടുത്തുതന്നെ വയനാട് സന്ദര്‍ശിക്കും.
 
വയനാട്ടിലെ പരിസ്ഥിതിപ്രശ്‌നങ്ങള്‍, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, ഗതാഗത പ്രശ്‌നങ്ങൾ എന്നിവ ദേശീയതലത്തിൽ തന്നെ ചർച്ചയാക്കാനും ബിജെപി ഉദ്ദേശിക്കുന്നുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളിൽ ആരെങ്കിലും വയനാട്ടിലെ ബിജെപി സീറ്റിൽ മത്സരിക്കാനും സാധ്യതയേറെയാണ്.2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍