ഞാൻ മേനോനല്ല, നാഷണൽ അവാർഡ് വാങ്ങിക്കാത്ത ആളാണ്, വലിയ ദുഖമുണ്ട്'; ബിനീഷിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽമീഡിയ
ഇതിൽ പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടന വേദിയിലേക്ക് കയറുകയും സ്റ്റേജിന്‍റെ തറയിൽ കയറി ഇരിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിനീഷ് വേദിയിലേക്ക് കടക്കുമ്പോൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞെങ്കിലും ബിനീഷ് വേദിയിൽ കയറി ഇരിക്കുകയായിരുന്നു.
അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കവെയായിരുന്നു ബിനീഷ് വേദിയിലേക്ക് വന്നത്. നിലത്തിരുന്ന താരത്തോട് പലരും കസേരയിലിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബിനീഷ് തയ്യാറായില്ല. തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണിതെന്ന് പറഞ്ഞായിരുന്നു ബിനീഷ് സംസാരിച്ച് തുടങ്ങിയത്. താൻ പങ്കെടുക്കുന്ന ചടങ്ങിൽ സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളജ് ചെയർമാൻ തന്നോട് വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാതെ മറ്റു വഴിയില്ലെന്ന് തിരൂമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു.
തന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് വന്നയാളാണ് ബിനീഷെന്ന് അനിൽ പറഞ്ഞതായി താരം പറയുന്നു. ‘ഞാൻ മേനോനല്ല. നാഷണൽ അവാർഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്‍റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ എന്ന് താരം പറഞ്ഞു.
വിദ്യാഭ്യാസമില്ലാത്ത താൻ പറയാനുള്ളത് എഴുതിക്കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞ ബിനീഷ് ‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്' എന്നും പറഞ്ഞു. തൊണ്ട ഇടറിക്കൊണ്ടായിരുന്നു ബിനീഷ് വേദിയിൽ നിന്ന് സംസാരിച്ചത്. ഇതിനിടെ അനിൽ രാധാകൃഷ്ണ മേനോൻ വേദിയിൽ നിന്ന് പോവുകയും ചെയ്തു. വിദ്യാർത്ഥികളോട് സംസാരിച്ച് ബിനീഷ് മടങ്ങുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് സദസ്സിൽ നിന്നുയർന്നത്.